നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം അതീവ ജാഗ്രതയിലെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം. കൊവിഡ് സാഹചര്യം നിലനില്‍ക്കെ നിപ സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും പി.ടി.എ റഹീം ട്വന്റിഫോറിനോട് പറഞ്ഞു.
കുട്ടിയെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. മൂന്നാമതായാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മൂന്ന് ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചവരുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമുണ്ട്. ഇവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി. ഇവര്‍ നിരീക്ഷണത്തിലാണെന്നും എംഎല്‍എ വിശദീകരിച്ചു.

ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയും നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.