ഉമ്മൻചാണ്ടി -വി.ഡി സതീശൻ കൂടിക്കാഴ്ച; കോൺഗ്രസിൽ സമവായ നീക്കത്തിന്റെ സൂചനകൾ

ഡി.സി.സി പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിച്ച് അനുനയ നീക്കത്തിന് സാധ്യത. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. മുതിർന്ന നനേതാക്കളെ എല്ലാവരെയും വീടുകളിൽ പോയി കാണും. നേതാക്കളുടെ ആഗ്രഹങ്ങൾ അനുസരിച്ച് കോൺഗ്രസ് മുന്നോട്ട് പോകും.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പാർട്ടിയിൽ ഒരു പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചർച്ചയില്ലാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ചർച്ചക്ക് താൽപര്യം പ്രകടിപ്പിച്ചാൽ അതിനോട് സഹകരിക്കും. താനും രമേശ് ചെന്നിത്തലയും ചില കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് മുന്നോട്ടു പോകണം. കോൺഗ്രസ് ഫസ്റ്റും ഗ്രൂപ്പ് സെക്കൻഡുമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.