രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോർട്ട്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം പറഞ്ഞു. സിറോ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സർവേയിൽ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കുമെന്നും പിജി മെർ ഡയറക്ടര്‍ പറഞ്ഞു. ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കേരളത്തിൽ വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു .

താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രികളിൽ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു .