സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷം, കൊല്ലത്ത് മാത്രം 51 പേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷം. കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചു.

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേരെ തെരുവുനായ കടിച്ചു. വെട്ടിപ്രത്തുവച്ചാണ് ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍.

കോഴിക്കോട് ജില്ലയിൽ ഇന്നലെ നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയിൽ നിർമല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. രാവിലെ കടയിൽ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.

ഇടുക്കിയിൽ 15 പേർക്ക് കടിയേറ്റു. ഇടുക്കിയിലും എറണാകുളത്തും വീട്ടില്‍ വളര്‍ത്തുന്ന ആടുകളേയും കോഴികളേയും നായകള്‍ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ നായകള്‍ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയില്‍ കോഴിഫാമിലെ 25 കോഴികളെയും താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ പശുവിന് പേ വിഷബാധയേറ്റു.