വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ ചോർത്തി; ചണ്ഡീഗഡ് സർവകലാശാലയിൽ സംഘർഷം

ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ ചൊല്ലി വ്യാപക സംഘർഷം. അർദ്ധരാത്രി സർവകലാശാലയിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരു പെൺകുട്ടി പകർത്തുകയും ആൺകുട്ടികൾക്ക് നൽകുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒന്നാം വർഷ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ ചണ്ഡീഗഡ് സർവകലാശാലയിൽ പഠിക്കുന്ന 60 പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ചോർന്നതോടെ എട്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. സഹ വിദ്യാർത്ഥിനിയാണ് വീഡിയോ ചോർത്തി ഷിംലയിലെ ഒരു ആൺ സുഹൃത്തിന് അയച്ചു കൊടുത്തത്. ഈ ആൺ സുഹൃത്ത് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

കുറ്റാരോപിതയായ വിദ്യാർത്ഥിനി ഏറെ നാളായി വീഡിയോ എടുത്ത് സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിനി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറ്റാരോപിതയായ പെൺകുട്ടിയെ ഹോസ്റ്റൽ വാർഡൻ ചോദ്യം ചെയ്തപ്പോൾ, ഈ വീഡിയോകൾ താനാണ് ആൺകുട്ടികൾക്ക് നൽകിയതെന്ന് സമ്മതിച്ചു. എന്നാൽ പലതവണ ചോദിച്ചിട്ടും പെൺകുട്ടിക്ക് ആൺകുട്ടിയുമായി എന്താണ് ബന്ധമെന്നും അവൻ ആരാണെന്നും പറയാൻ കുറ്റാരോപിത തയ്യാറായിട്ടില്ല.

തനിക്ക് അബദ്ധം പറ്റിയെന്നും, ഇനി ചെയ്യില്ലെന്നും അവൾ പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചണ്ഡീഗഢ് സർവകലാശാലയിൽ ഇന്നലെ രാത്രി മുതൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പ്രതിഷേധത്തിലാണ്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.