കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി.

ഇന്നലെ വൈകീട്ടാണ് വി.എം സുധീരൻ രാജിക്കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡൻ്റിന് നേരിട്ടാണ് രാജി നൽകിയത്. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു വി എം സുധീരൻ അറിയിച്ചു.

അതേസമയം, കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തിൽ നടക്കുന്നത്.

കെപിസിസി ഡിസിസി പുനഃസംഘടനയുടെ ഭാഗമായുള്ള നേതൃതല ചർച്ചകൾക്കായാണ് താരിഖ് അൻവറിൻ്റെ കേരള സന്ദർശനം. ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ നേതാക്കളെ അനുനയിപ്പിച്ചെങ്കിലും സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യും.

ഇന്ന് കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തുന്ന താരിഖ് അൻവർ, നാളെയും മറ്റന്നാളും മുതിർന്ന നേതാക്കളെ ഉൾപ്പെടെ കാണും. എ, ഐ ഗ്രൂപ്പുകൾ കെപിസിസി ഭാരവാഹി പട്ടികയിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകൾ കെ.സുധാകരന് കൈമാറിയിട്ടുണ്ട്. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. ഗ്രൂപ്പ് പ്രതിനിധികളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തി അനുനയ നീക്കമാണ് കെപിസിസി നേതൃത്യവും ലക്ഷ്യമിടുന്നത്.

പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാനുള്ള നീക്കങ്ങളുമായാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്. താഴേത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി നെയ്യാർ ഡാമിൽ നടക്കുന്ന പ്രവർത്തക ശില്പശാലയുടെ സമാപനച്ചടങ്ങിൽ താരിഖ് അൻവർ പങ്കെടുക്കും. നിലവിലെ കെപിസിസിയുടെ പ്രവർത്തനങ്ങളിൽ ഹൈക്കമാൻഡ് തൃപ്തരാണ്. എന്നാൽ നേതാക്കൾ പാർട്ടി വിട്ടുപോകാതെ അനുനയ സമീപനം ഉണ്ടാകണമെന്നാണ് നിർദ്ദേശം.