സ്‌കൂൾ വിദ്യാർഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ നോട്സ് നൽകരുതെന്ന് സർക്കുലർ

സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥികൾക്ക് പഠനത്തിനുള്ള നോട്സ് ഉൾപ്പെടെയുള്ളവ അധ്യാപകർ വാട്‌സാപ് പോലുള്ള സമൂഹമാധ്യമങ്ങളിലു ടെ നൽകുന്നതു പൂർണമായും ഒഴിവാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാന ബാലാവകാശ കമ്മിഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി അക്കാദമി ജോയിന്റ് ഡയറക്ടറാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.


നോട്‌സ് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ നൽകുമ്പോൾ പ്രിന്റൗട്ട് എടുക്കുന്നതിന് അധികച്ചെലവു വരുന്നതായി ആരോപിച്ച് രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു , ഇതിൽ തീരുമാനമെടുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ നോട്ടുകൾ ഓൺലൈനായി നൽകുന്നത് നേരിട്ടുള്ള പഠനാനുഭവം ഇല്ലാതാക്കുന്നതായും സർക്കുലറിൽ പറയുന്നു.