ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മഴ കനക്കും

ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ തുടരുന്നു. കനത്ത മഴയില്‍ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. ആന്ധ്രപ്രദേശിലെ കൃഷ്ണ, വിശാഖപട്ടണം ജില്ലകളിലെ ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.

തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 14 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് തെലങ്കാന ഹൈക്കോടതിയിലെ നടപടികള്‍ സെപ്തംബര്‍ 30 വരെ വെര്‍ച്വല്‍ സംവിധാനത്തിലാക്കി. മഹാരാഷ്ട്രയിലെയും പല ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പൂനെയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ വടക്കുകിഴക്ക് ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി.

അതേസമയം വടക്കന്‍ കേരളത്തിലും ഇന്ന് മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.