വരികളില്‍ നിറയുന്ന കനിവും ആര്‍ദ്രതയും, മാതൃത്വത്തിന്റെ ഊഷ്മളതയും; ബാലാമണിയമ്മ ഓര്‍മയായിട്ട് 19 വര്‍ഷം

പ്രശസ്ത കവയിത്രി ബാലാമണി അമ്മ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മാതൃത്വത്തിന്റെ കവിയെന്ന് അറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ കവിതകള്‍ ഒരേസമയം കരുണയും ആര്‍ദ്രതയും നിറഞ്ഞതും ശക്തമായ സ്വാതന്ത്ര്യസന്ദേശം ഉള്‍ക്കൊള്ളുന്നവയും ആയിരുന്നു

മലയാള കവിതാലോകത്ത് സ്ത്രീപക്ഷവാദത്തെ പല മാനങ്ങളില്‍ ആവിഷ്‌കരിച്ച കവിയാണ് ബാലാമണി അമ്മ. കനിവും ആര്‍ദ്രത നിറഞ്ഞു നിന്ന വരികളികളിലൂടെ മലയാള കവിതയുടെ ഭാവുകത്വത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു ബാലാമണിയമ്മ. ഭക്തിയും ദാര്‍ശനികതയും ദേശീയതയും കവിതകളുടെ അന്തര്‍ധാരയായി. ഒതുക്കിപ്പറയുകയും എന്നാല്‍ കനക്കേ പറയുകയുമായിരുന്നു ബാലാമണി

ഏതു നന്‍മയും ക്രമാല്‍ മുനകൂര്‍പ്പിച്ചിട്ടേറ്റം യാതനാവഹമാക്കാന്‍ കഴിയും നരനെന്നും വെറുതെ കുറ്റം പേശലൊക്കെയും താന്‍ ചെയ്ത തെറ്ററിയാനൊരാളെത്രയെത്ര നാള്‍ ജീവിക്കണം. ഇങ്ങനെ മൂര്‍ച്ചയേറിയ വരികളിലൂടെ ജീവിതതത്വങ്ങള്‍ പറയുമ്പോഴും നിഷ്‌കളങ്കമായ ശൈശവഭാവവും കവിതകളില്‍ മുന്നിട്ടുനിന്നു. മാതൃത്വത്തിന്റെ കവി എന്നാണ് മലയാളികള്‍ ബാലാമണി അമ്മയെ വിശേഷിപ്പിചത്.

പുരുഷാധിപത്യം നിലനിന്നിരുന്ന മലയാള കാവ്യലോകത്ത് സ്ത്രീയുടേയും അമ്മയുടേയും അനുഭവവും സ്ത്രീസ്വത്വവും ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ആദ്യത്തെ മലയാള കവയിത്രിയാണ് ബാലാമണിയമ്മ. മലയാളസാഹിത്യലോകത്തിന് ബാലാമണിയമ്മ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി മകളാണ്.