എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും; തീരുമാനം ഉടന്‍

എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

അതിനിടെ എയര്‍ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ പറഞ്ഞു. എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും ജിതേന്ദ്രര്‍ ഭാര്‍ഗവ വ്യക്തമാക്കി. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാ
റ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ടാറ്റയ്‌ക്കൊപ്പം സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ തങ്ങളെ ഉചിതമായി കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആര്‍.ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയര്‍ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാള്‍ താന്‍ കാണുന്നുവെന്നായിരുന്നു ജെ.ആര്‍.ഡി ടാറ്റയുടെ അന്നത്തെ വാക്കുകള്‍.

2018 ല്‍ എയര്‍ ഇന്ത്യ ആദ്യമായി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര എയര്‍ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനാല്‍ അന്ന് ടാറ്റ പിന്‍മാറുകയായിരുന്നു.

58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയായിരുന്നു നഷ്ടം.