ഇംഗ്ലണ്ട് അടുത്ത വർഷം പാക് പര്യടനം നടത്തും: ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അടുത്ത വർഷം പാകിസ്താൻ പര്യടനം നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ക്രിസ്റ്റ്യൻ ടേണർ. പാകിസ്താനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത് എന്നും അടുത്ത വർഷത്തെ ലഭ്യമാകുന്ന വിൻഡോയിൽ ഇംഗ്ലണ്ട് ടീം കറാച്ചി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് പര്യടനത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആണ് എടുത്തതെന്നും ടേണർ പറഞ്ഞു. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു അത്. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പര്യടനത്തെ പിന്തുണച്ചിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ നൽകിയിരുന്നില്ല. പാകിസ്താനിലേക്ക് യാത്ര ചെയ്യുമ്പോഴുള്ള ഉപദേശങ്ങളൊന്നും മാറിയതുമില്ല. രാജ്യാന്തര ക്രിക്കറ്റ് പാകിസ്താനിലേക്ക് തിരികെവരുന്നതിനെ താൻ പിന്തുണയ്ക്കുന്നു. അതിനായി ശ്രമിക്കുമെന്നും ടേണർ പറഞ്ഞു.

ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളാണ് പാക് പര്യടനത്തിൽ നിന്ന് അടുത്തിടെ പിന്മാറിയത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. മത്സരത്തിനായി ഇരു താരങ്ങളും ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി ന്യൂസീലൻഡ് ക്രിക്കറ്റ് രംഗത്തുവരികയായിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ന്യൂസീലൻഡ് പിന്മാറിയതിനു പിന്നാലെ ഇംഗ്ലണ്ടും ഇതേ തീരുമാനവുമായി രംഗത്തെത്തി. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പര്യടനത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾക്കെതിരെ പാകിസ്താൻ നിയമനടപടിക്കൊരുങ്ങുകയാണ്. വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പിസിബിബ് ചെയർമാൻ റമീസ് രാജയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.