8 വർഷങ്ങൾ, ഒരു കപ്പില്ല; ആർസിബിയിൽ കോലിയുടെ മൂല്യം

കിരീടങ്ങളാണോ ഒരു ക്യാപ്റ്റൻ്റെ മൂല്യം നിശ്ചയിക്കുന്നത്?

അല്ല. പക്ഷേ, കിരീടങ്ങൾ മൈൽസ്റ്റോണുകളാണ്. ക്യാപ്റ്റനു കീഴിൽ എത്ര കിരീടങ്ങൾ നേടിയെന്നത് മാത്രമാണ് ആത്യന്തികമായി ചരിത്രം രേഖപ്പെടുത്തുക. ഐപിഎലിൽ കോലിക്ക് പറ്റിയതും അതാണ്. കോഹ്ലിയെക്കാൾ മോശം ക്യാപ്റ്റന്മാർ ഐപിഎലിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഐപിഎലിലെ ഏറ്റവും മോശം ക്യാപ്റ്റനെന്ന വിശേഷണമാണ് പലപ്പോഴും കോലിക്ക് പേറേണ്ടി വന്നിട്ടുള്ളത്. കാരണം, വർഷങ്ങളായി മികച്ച സ്ക്വാഡുകൾ കിട്ടിയിട്ടും ഒരു ഐപിഎൽ കിരീടം നേടാൻ കോലിക്ക് സാധിച്ചിട്ടില്ല.

ഫിനോമിനൽ ടെസ്റ്റ് ക്യാപ്റ്റൻ എന്ന വിശേഷണം ഒരു മടിയുമില്ലാതെ കോലിക്ക് ചാർത്തിനൽകാം. പക്ഷേ, ലിമിറ്റഡ് ഓവറുകളിൽ കോലിയുടെ ക്യാപ്റ്റൻസി പലപ്പോഴും ചോദ്യ ചിഹ്നമാണ്. ഫോർമാറ്റ് മാറുമ്പോൾ ചിന്തയും ക്യാപ്റ്റൻസി ശൈലിയും മാറേണ്ടത് ഏറെ പ്രധാനമാണ്. എന്നാൽ, കോലിക്ക് അതിനു സാധിക്കാറില്ല. ചിലപ്പോൾ അത് നിർഭാഗ്യം കാരണമാവാം. റിസ്കി ഡിസിഷനുകൾ എടുക്കുമ്പോൾ പൂർണമായും അതിൻ്റെ ഉത്തരവാദിത്തം ക്യാപ്റ്റനിലാണ്. അത്തരത്തിൽ കോലി തീരുമാനങ്ങളിൽ പലതും പാളിപ്പോവാറുണ്ട്.

കോലി കളിക്കളത്തിലും പുറത്തും വളരെ വൈകാരികമായി ചിന്തിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നയാളാണ്. അതുകൊണ്ടാണ് ഒരു ബൗളർക്ക് വളരെ എളുപ്പത്തിൽ കോലിയെ ഡിആർഎസ് എടുക്കുന്നതിനു പ്രേരിപ്പിക്കാനാവുന്നത്. ധോണിയെപ്പോലെ, രോഹിതിനെപ്പോലെ സ്വയം അതിൽ ഒരു വീക്ഷണമുണ്ടാവുകയും തീരുമാനമെടുക്കുകയും ചെയ്യുക എന്നത് കോലിക്ക് പലപ്പോഴും സാധിക്കാറില്ല. ഒരു ഓവറോ ഒരു തെറ്റായ ഡിആർഎസ് തീരുമാനമോ ഒക്കെ കളിയുടെ ഫലത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ടി-20 മത്സരങ്ങളിൽ ഇത് നിർണായകമാവാറുണ്ട്.

ഒരു ബാറ്റർ എന്ന നിലയിൽ കോലി ആർസിബിയുടെ നട്ടെല്ലായി മാറിയിട്ട് വർഷം 10 എങ്കിലുമായി. 2008ൽ ടീമിലെത്തി ചില മീഡിയോക്കർ വർഷങ്ങൾക്കു ശേഷം പിന്നീട് ആർസിബി ബാറ്റിംഗിൻ്റെ നെടുന്തൂൺ കോലി തന്നെ ആയിരുന്നു. 2016 ഐപിഎലിൽ കോലി നടത്തിയ അശ്വമേധം അയാളുടെ അസാധ്യമായ ഗെയിംമാൻഷിപ്പിൻ്റെ ഉദാഹരണമായിരുന്നു. 16 മത്സരങ്ങൾ, 973 റൺസ്, നാല് സെഞ്ചുറികൾ, 81 ശരാശരി. ഫൈനലിൽ സൺറൈസേഴ്സിനോട് ആർസിബി പരാജയപ്പെട്ടെങ്കിലും കോലിയുടെ ഈ പ്രകടനം സൂപ്പർ ഹ്യൂമൻ ആയിരുന്നു. ഇനിയൊയാൾ ഈ റെക്കോർഡ് മറികടക്കുകയാണെങ്കിൽ അയാൾ ലോക ക്രിക്കറ്റിലെ ഒരു ഇതിഹാസ താരമായിരിക്കും.

8 വർഷങ്ങളിലെ ക്യാപ്റ്റൻസിക്ക് ശേഷം ശൂന്യമായ കൈകളോടെ അയാൾക്ക് മടങ്ങേണ്ടിവരുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട്. അയാൾ കളമൊഴിയുമ്പോൾ പകരം ആരെന്ന ഡിലേമയിലേക്കാണ് ആർസിബി മാനേജ്മെൻ്റ് എടുത്തെറിയപ്പെടുന്നത്. ക്യാപ്റ്റൻസി ഒഴിയുക എന്നത് ഇനെവിറ്റബിൾ ആയിരുന്നെങ്കിലും കോലിക്ക് ശേഷം ആരെന്ന ശൂന്യത അടയ്ക്കാൻ അവർ പാടുപെടും. കരിയറിൻ്റെ അസ്തമയത്തിൽ എത്തിനിൽക്കുന്ന മോഡേൺ ഡേ ഗ്രേറ്റ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ. അയാളുടെ വില നിശ്ചയിക്കുന്നത് ഐപിഎൽ കിരീടമല്ല.

കോലിയുടെ ഈ ദൗർബല്യങ്ങളൊക്കെ പറയുമ്പോൾ ഏച്ചുകെട്ടായി സൂചിപ്പിക്കേണ്ടത് മഹേന്ദ്രസിംഗ് ധോണിയെ ആണ്. പഴയ ധോണിയുടെ പത്തിലൊന്ന് പ്രഭാവം ബാറ്റ് കൊണ്ട് കാണിക്കുന്നില്ലെങ്കിൽ പോലും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ധോണി 40ആം വയസ്സിലും ഫിറ്റാണ്. ഗെയിം റീഡിംഗും ഫീൽഡ് പ്ലേസ്മെൻ്റും ബൗളിംഗ് ചേഞ്ചുമൊക്കെ മറ്റേത് ഐപിഎൽ ക്യാപ്റ്റനെക്കാളും തന്ത്രപരമായി ധോണി ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കിരീടനേട്ടത്തോടെ ധോണി ഐപിഎലിൽ നിന്ന് വിടപറയുമെന്ന് തന്നെയാണ് പ്രതീക്ഷ.