ദേശാഭിമാനി അപമാനിച്ചു; വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട് കാണിച്ചു തരണം; നിയമനടപടിയുമായി മുന്നോട്ടെന്ന് മറിയക്കുട്ടി

സിപിഐഎം മുഖപത്രം ദേശാഭിമാനിക്കെതിരെ ക്ഷേമപെൻഷൻ വൈകിയതിൽ ഭിക്ഷയാചിച്ച മറിയക്കുട്ടി. ദേശാഭിമാനിയ്ക്ക് എതിരെ നിയമനടപടയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു. മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയതിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും അപമാനിച്ചെന്നും മറിയക്കുട്ടി പറഞ്ഞു.

തന്നോടല്ല ക്ഷമ പറയേണ്ടതെന്നും കോടതിയോടാണ് പറയേണ്ടതെന്നും മറിയക്കുട്ടി പ്രതികരിച്ചു. സിപിഎമ്മുകാർ ഭിഷണിപ്പെടുത്തിയെന്നും മറിയക്കുട്ടി പറഞ്ഞു. അടിമാലിയിൽ ലോട്ടറി വിൽക്കുന്ന മകൾ ലണ്ടനിലാണോ അമേരിക്കയിലാണോയെന്ന് മനസിലാക്കി തരണമെന്നും വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട് കാണിച്ചു തരണമെന്നും മറിയക്കുട്ടി പറയുന്നു.

‘സമ്പാദിക്കാൻ ഇറങ്ങിയതല്ല, വയറ്റിപ്പിഴപ്പ് കൊണ്ടാണ് സമരത്തിനാണ് സഹായിച്ചത്. എനിക്ക് കോടികളുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. അതിൽ നിന്ന് കുറച്ച് കോടികൾ എനിക്ക് വേണം. ഇളയമകളോട് ക്ഷമ പറഞ്ഞിട്ടുണ്ട്’ മറിയക്കുട്ടി പറയുന്നു. രണ്ടേക്കറിന്റെ സ്ഥലം സിപിഐഎമ്മുകാര് തരണമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മറിയക്കുട്ടി പറഞ്ഞു. യൂത്ത് കോൺഗ്രസ് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയത് തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകൾ പ്രിൻസി വിദേശത്തുമെന്നായിരുന്നു വാർത്ത. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്.