കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം

ഹരിയാന മന്ത്രി അനിൽ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അടുത്ത വർഷം 30 കോടി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു.

കോവാക്സിന്‍റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് ഇന്ന് തുടക്കം. ഹരിയാന മന്ത്രി അനിൽ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അടുത്ത വർഷം 30 കോടി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു. രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90 ലക്ഷത്തോടടുത്തു.

ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സീന്‍റെ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിന് ഹരിയാനയിലാണ് തുടക്കമിടുന്നത്. 25 കേന്ദ്രങ്ങളിലായി 25000 പേർ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഭാഗമാകും.

ഹരിയാന മന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. നാല് മാസത്തിനകം രാജ്യത്ത് വാക്സിന്‍ തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നാണ് ആരോഗ്യമന്ത്രി ഹർഷ വർധന്‍ FICCI FLO വെബിനാറില്‍ പറഞ്ഞത്. അടുത്ത വർഷം 30 കോടി ആളുകള്‍ക്ക് 500 മില്യണ്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും ശേഷം പ്രായമായവർക്കും നല്കുമെന്നും ഹർഷവർധന് കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് ആകെ കേസുകള്‍ 89,98,484ഉം മരണം 1,32,078ഉം കടന്നു. 4.43 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. ഡല്‍ഹിയില്‍ 7546 പുതിയ കേസും 98 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ 5,535 ഉം രാജസ്ഥാനില്‍ 2,549ഉം ഹരിയാനയില്‍ 2,212 ഉം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മണിപ്പൂർ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാന്‍ കേന്ദ്ര സംഘം എത്തും.