‘അമ്മ ഐസിയുവില്‍, മുലയൂട്ടി പൊലീസമ്മ’: 4 മാസമായ കുഞ്ഞിനെ സ്റ്റേഷനില്‍ മുലയൂട്ടി പൊലീസ് ഉദ്യോഗസ്ഥ

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി അമ്മയെപ്പോലെ പരിചരിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ. ചികിത്സയിൽ കഴിയുന്ന പാട്ന സ്വദേശി അഞ്ജനയ്‌ക്ക് കുഞ്ഞിനെ ഏൽപ്പിക്കാൻ ആളില്ലാതെ വന്നതോടെയാണ് കൊച്ചി വനിതാ സിറ്റി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്തത്.

എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായ പാട്ന സ്വദേശിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഈ ഉദാത്ത സ്നേഹത്തിന്‍റെ നല്ല മാതൃകയ്ക്ക് പിന്നില്‍. ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

മന്ത്രിയുടെ വാക്കുകള്‍..

എറണാകുളത്ത് നിന്നൊരു സ്നേഹ വാർത്ത.
എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പറ്റ്ന സ്വദേശിയുടെ 4 കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്നതായി ചിന്ത. കൊച്ചുകുഞ്ഞുള്ള ആര്യ മുന്നോട്ട് വന്ന് കുഞ്ഞിന് മുലയൂട്ടി. മാതൃസ്നേഹം നുണഞ്ഞ് കുഞ്ഞുറങ്ങുമ്പോൾ ഒരു സ്നേഹ പ്രപഞ്ചം തന്നെയാണ് ഉണ്ടായത്. കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റി.