കെപിസിസി മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

നവകേരള സദസ്സിനെരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെപിസിസി ഡിജിപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറ് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

തലസ്ഥാന ജില്ലയെ യുദ്ധക്കളമാക്കിയ പ്രതിഷേധമാണ് ഡിജിപി ആസ്ഥാനത്ത് അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് സംസാരിക്കാനാരംഭിച്ച് മിനിറ്റുകൾക്കകം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രസംഗം തടസ്സപ്പെട്ടു. പൊലീസിന് നേരെ തിരിഞ്ഞ പ്രവർത്തകർ വലിയ രീതിയിലുള്ള കല്ലേറ് നടത്തി. ഇതോടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. മുതിർന്ന നേതാക്കൾ അടക്കം സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

കോൺഗ്രസ് പ്രവർത്തകർ നടത്തിയ കല്ലേറിൽ 24 തിരുവനന്തപുരം ക്യാമറമാൻ ജിനുവിന് പരിക്കേറ്റു. സംസ്ഥാന സർക്കാരിനെതിരെയും പൊലീസിനെതിരെയും കോൺഗ്രസ് നേതാക്കൾ ആഞ്ഞടിച്ചു.