ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ്; കൊഫേപോസ സമിതിക്ക് പരാതി നല്‍കി

സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി. ജയില്‍ വകുപ്പിനെതിരെയാണ് പരാതി. ഇക്കാര്യത്തില്‍ കസ്റ്റംസ് കോടതിയെയും സമീപിക്കും. ജയില്‍ വകുപ്പിന്റെ നടപടി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.

സ്വപ്‌ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതോടെയാണ് കസ്റ്റംസ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.