ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം

ക്ഷേത്രങ്ങളിൽ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രൻ അരളിപ്പൂവ് കഴിച്ചതാണോ മരണകാരണമെന്ന് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്റെ നീക്കം.

ഇന്നലെ ബോർഡ് ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു. അരളിപ്പൂ ഉപയോഗിക്കുന്നതിൽ ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ബോർഡിനെ ആശങ്കയറിയിച്ചിട്ടുണ്ട്. സൂര്യയുടെ ആന്തരികാവയവങ്ങളുടെ കെമിക്കൽ റിപ്പോർട്ട് വന്നതിന് ശേഷമാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. ആരോഗ്യവകുപ്പിന്റെ കൂടി നിർദ്ദേശപ്രകാരമാകും അരളി ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുക.

യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് സൂര്യാ സുരേന്ദ്രൻ കുഴഞ്ഞുവീഴുന്നത്. ഏപ്രിൽ 28നാണ് സംഭവം നടക്കുന്നത്. രാവിലെ 11.30ന് പള്ളിപ്പാട്ടെ വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വഴിയിലുടനീളം സൂര്യ ഛർദിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായെടുത്തില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് തിങ്കളാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.