കുതിപ്പ് ഒന്നടങ്ങി; ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

ദിവസങ്ങളായി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്ത് രൂപ വീതമാണ് വിലയിടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6660 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.53,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. ഗ്രാമിന് 6670 രൂപയുമായിരുന്നു. ഈ മാസം മാത്രം പവന് കൂടിയത് 1,760 രൂപയാണ്. രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതാണ് സംസ്ഥാനത്തും വില തുടര്‍ച്ചയായി ഉയരാന്‍ കാരണമായത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. പത്തുദിവസത്തിനിടെ 2500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്.