പ്ലസ്ടു കോഴ കേസ്; കെഎം ഷാജി എംഎൽഎയെ അടുത്തയാഴ്ച ചോദ്യം ചെയ്യും

പ്ലസ് ടു കോഴ കേസിൽ കെഎം ഷാജി എംഎൽഎയെ അടുത്തയാഴ്ച ചോദ്യം ചെയ്യും. കണ്ണൂർ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നൽകും. കേസുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കെഎം ഷാജി ഉൾപ്പെടെ 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഴീക്കോട് മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായതായും സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും വിജിലൻസ് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല, എംഎൽഎയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് തലശേരി കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് കെഎം ഷാജി എംഎൽഎയുടെ നിലപാട്.