സംസ്ഥാനത്ത് പൊതുവെ മഴ ദുര്‍ബലമായി; കടല്‍ ക്ഷോഭത്തില്‍ വന്‍നാശനഷ്ടം

ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതോടെ സംസ്ഥാനത്ത് പൊതുവെ മഴ ദുര്‍ബലമായി. എറണാകുളത്താണ് മഴ തുടരുകയാണ്. ചില ജില്ലകളില്‍ ഒറ്റപ്പെട്ടതും കനത്തതുമായ മഴ പെയ്യുന്നുണ്ട്. തീരദേശ മേഖലകളില്‍ കടല്‍ ക്ഷോഭം വലിയ നാശനഷ്ടമാണ് വരുത്തിയത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കണ്ണൂര്‍ തുടങ്ങി ചില ജില്ലകളില്‍ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ തീരത്തെ കടല്‍ ക്ഷോഭം കാര്യമായി ബാധിച്ചു. ജില്ല ഇന്നേവരെ കണ്ടിട്ടില്ലാത്ത കടല്‍ ക്ഷോഭമാണ് ഉണ്ടായതെന്ന് നിയുക്ത എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കൊല്ലത്ത് ഇന്നലെ രാത്രി മുതല്‍ ഒറ്റപെട്ട ഇടങ്ങളില്‍ നേരിയ മഴയുണ്ടായി. കടലില്‍ മത്സ്യബന്ധനത്തിന് പോയ കൊല്ലം സ്വദേശി ആന്റണിയുടെ മൃതദേഹം വല്ലാര്‍പാടത്ത് കരയ്ക്കടിഞ്ഞു. പത്തനംതിട്ട മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് കുറഞ്ഞു. മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ അല്‍പം താഴ്ത്തി.

തിരുവല്ല താലൂക്കിലെ അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. അതേസമയം ജില്ലയില്‍ മഴക്ക് ശമനമുണ്ട്. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പാലക്കാട് ആനക്കര പഞ്ചായത്തിലെ കുമ്പിടി ഉമ്മത്തൂരില്‍ റോഡരികിലുണ്ടായിരുന്നനെ പഞ്ചായത്ത് കിണര്‍ കനത്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നു. മലപ്പുറത്ത് രാവിലെ മഴയുടെ തോത് കുറഞ്ഞെങ്കിലും പൊന്നാനി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭത്തിന് കാര്യമായ കുറവുണ്ടായിട്ടില്ല.

കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഭാഗികമായി ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കാനാണിത്. തീരദേശ വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടവിട്ടുള്ള കനത്ത മഴയാണ് ജില്ലയില്‍ ഉള്ളത്. കാസര്‍ഗോഡ് മഴയ്ക്ക് ശമനമുണ്ട്. മഴക്കെടുതി നേരിട്ടവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.