സ്വകാര്യതാ നയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വാട്‌സാപ്പ്; പ്രതിസന്ധിയില്‍ കേന്ദ്രം

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താനുള്ള നിലപാടില്‍ ഉറച്ച് അന്താരാഷ്ട്ര സാമൂഹ മാധ്യമ കമ്പനികള്‍. സ്വകാര്യതാ നയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാട് വാട്‌സാപ്പ് ആവര്‍ത്തിച്ചതോടെ ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത പ്രതിസന്ധിയാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉടലെടുത്തിരിക്കുന്നത്.

മെയ് 15 നാണ് വാട്‌സാപ്പിന്റെ സ്വകാര്യത നയം നിലവില്‍ വന്നത്. ഇത് പ്രകാരം വാട്‌സാപ്പിന്റെ ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്‌സാപ്പിന് കൈമാറാം. ഇതിനെ അംഗീകരിക്കാത്ത ഉപയോക്താക്കളുടെ വാട്‌സാപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടും. ഇതാണ് വാട്‌സാപ്പിന്‍റെ പുതിയ നയം.

സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് ഇന്ത്യന്‍ ഐ ടി ആക്ടിന് എതിരാണ്. ഒപ്പം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളെയും ഇത് ചോദ്യം ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 53 കോടി ജനങ്ങള്‍ വാട്‌സാപ്പിന്റെ ഉപയോക്താക്കള്‍ ആണ്. ഇത്രയും പേരുടെ സ്വകാര്യ വിവരങ്ങള്‍ ആകും പുതിയ നയം വഴി ഫേസ്ബുക്കിന് കൈമാറുക. പലപ്പോഴും എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സ്വകാര്യത സംരക്ഷണത്തില്‍ മാത്രം ഊന്നി നിലപാടെടുത്താല്‍ അന്താരാഷ്ട്ര കമ്പനികളെ പിണക്കേണ്ടി വരുമെന്നതാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്.

അതേസമയം വാട്‌സാപ്പിന്റെ സ്വകാര്യതാ നയം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ വിവിധ കോടതികളില്‍ ഉണ്ട്. കോടതി വിധി വാട്‌സാപ്പിന് അനുകൂലമായാല്‍ അത് സര്‍ക്കാറിന് ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തിന് കാരണമാകും. നേരെ മറിച്ചാണ് വിധിയെങ്കില്‍ കമ്പനികളെ സമാധാനിപ്പിക്കാന്‍ സര്‍ക്കാറിന് ആശ്വാസ നടപടികളിലേക്ക് നീങ്ങേണ്ടിവരും. കടുത്ത നടപടികള്‍ നേരിട്ട് സ്വീകരിക്കുന്നതിന് പകരം സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.