6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്. ജോർദൻ മറെ, ഗാരി ഹൂപ്പർ, വിസൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര, കോസ്റ്റ ന്യാമൊയ്ന്സു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. സ്പാനിഷ് താരം സെർജിയോ സിഡോഞ്ച മാത്രമാണ് ടീമിൽ ബാക്കിയുള്ള വിദേശ താരം. ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളവസരങ്ങൾ സൃഷ്ടിച്ച താരമായിരുന്നു ഫക്കുണ്ടോ പെരേര. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ടോപ്പ് സ്കോററായിരുന്നു മറെ. 19 കളിയിൽ നിന്ന് ഏഴ് ​ഗോളുകളാണ് മറെ നേടിയത്. ​ഏറെ ആഘോഷപൂർവം എത്തിച്ച ഗാരി ഹൂപ്പർ അഞ്ച് ഗോളുകൾ നേടിയിരുന്നു. പ്രതിരോധത്തിലാണ് കോസ്റ്റ, കോനെ എൻന്നിവർ കളിച്ചിരുന്നത്. ഇരുവരുടെയും മോശം പ്രകടനങ്ങൾ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു.

 

ഇത്രയധികം വിദേശ താരങ്ങളെ ഒഴിവാക്കിയതുകൊണ്ട് തന്നെ പുത്തൻ നിരയുമായാവും ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ എത്തുക. എന്നാൽ, മുൻ താരം മത്തേജ് പോപ്ലാറ്റ്നികിനു ശമ്പള കുടിശിക വരുത്തിയതിനാൽ ക്ലബിന് ഫിഫ ട്രാൻഫർ ബാൻ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ക്ലബ് എങ്ങനെയാണ് മറ്റ് താരങ്ങളെ സൈൻ ചെയ്യുക എന്നത് കണ്ടറിയണം.

സെർബിയക്കാരനായ ഇവാൻ വുകുമാനോവിച്ച് ക്ലബിനെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ട്രാൻസ്ഫർ ബാൻ നിലനിൽക്കുന്നതിനാൽ ഈ കരാറും നടന്നേക്കില്ല.