കോതമംഗലം വീപ്പനാട് വീട്ടുവളപ്പില്‍ കാട്ടാനയുടെ പരാക്രമം. വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. കോട്ടപ്പാറ വനത്തില്‍ നിന്നെത്തിയ കൊമ്പനാന വടക്കുംഭാഗം സ്വദേശി വര്‍ഗീസിന്റെ വീട്ടുവളപ്പില്‍ കയറിയാണ് നാശനഷ്ടങ്ങള്‍ വരുത്തിയത്.
പുലര്‍ച്ചെ നാലരയോടെയാണ് കാട്ടുകൊമ്പന് വീട്ടുപരിസരത്തെത്തി ആക്രമണം നടത്തിയത്. വന്നയുടന്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ കൊമ്പുകൊണ്ട് കുത്തി നീക്കുകയും മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഉണര്‍ന്നപ്പോള്‍ ആന മുറ്റത്തുനില്ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ ആന പിന്‍വാങ്ങി. എന്നാല്‍ വീട്ടുപരിസരത്തെ വാഴ, കപ്പ, തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു.

മേഖലയില്‍ ഏറെക്കാലമായി കാട്ടാനയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിരവധി തവണ കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയും നാട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.