പ്രവാസിയുടെ ദുരൂഹ മരണം: മുഖ്യ ആസൂത്രകനെ പൊലീസ് തിരിച്ചറിഞ്ഞു.

പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട പ്രവാസി അബ്ദുള്‍ ജലീലിനെ ഇയാള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് തന്നെയാണ് പൊലീസ് ഉറപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജലീലിന്റെ മരണത്തില്‍ കൂടുതല്‍ ദുരൂഹത മറനീക്കി പുറത്തുവരാനുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഈ മാസം 15നാണ് ജലീല്‍ നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ എത്തിയെന്നും വീട്ടിലേക്ക് വരാന്‍ വൈകുമെന്നും ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ജലീലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പൊലീസ് കേസെടുക്കാതിരിക്കുകയായിരുന്നു.

പിറ്റേന്ന് വിളിച്ചപ്പോള്‍ വീട്ടുകാരോട് പരാതി പിന്‍വലിക്കാന്‍ ജലീല്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ജലീലിനെ ആശുപത്രിയിലെത്തിച്ചതായി അജ്ഞാതന്റെ നെറ്റ് കോള്‍ ലഭിച്ചെന്നും വീട്ടുകാര്‍ പറയുന്നു. ജലീലിന്റെ ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തിയിരുന്നു.

അട്ടപ്പാടി അഗളി സ്വദേശിയാണ് കൊല്ലപ്പെട്ട ജലീല്‍. ഈ മാസം 15നാണ് പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ ജലീലിനെ പരുക്കുകളോടെ കണ്ടെത്തിയത്. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.