വേനലവധിക്ക് മാതാപിതാക്കൾക്കൊപ്പം കുട്ടനാട്ടിലേക്ക് എത്തിയിരുന്ന സ്വാമിനാഥൻ… ഓർമ്മയായത് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും പ്രമുഖ വ്യക്തിത്വം

കുട്ടനാട്ടിലേക്ക് വേനലവധിക്ക് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം എത്തിയിരുന്ന കാലത്താണ് സ്വാമിനാഥൻ ആദ്യമായി കൃഷിയെ സ്‌നേഹിച്ചത്. ബംഗാൾ ക്ഷാമകാലത്തെ പട്ടിണിമരണങ്ങളാണ് കൃഷിയെ ലോകത്തിന്റെ പട്ടിണി മാറ്റാനാകും വിധം നവീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലക്ഷ്യപ്രാപ്തിക്കായുള്ള പോരാട്ടം നടത്തിയ സ്വാമിനാഥന്റെ സംഭവബഹുലമായ ജീവിതത്തിനാണ് ഇന്ന് തീരശീല വീണത്.

കുട്ടനാട്ടിലെ മങ്കൊമ്പിലെ തറവാട്ടിലേക്ക് വേനലവധിക്കാലം ചെലവഴിക്കാൻ തമിഴ്‌നാട്ടിലെ കുംഭകോണത്തു നിന്നും അച്ഛൻ സാംബശിവനും അമ്മ തങ്കത്തിനും സഹോദരങ്ങൾക്കുമൊപ്പം വന്നിരുന്ന കുട്ടി, കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഓടിക്കളിച്ചാണ് മണ്ണും കൃഷിയുമൊക്കെ ആദ്യമറിഞ്ഞത്. നെല്ലും മാവും തെങ്ങുമെല്ലാം നിറഞ്ഞ കൃഷിയിടങ്ങളിലുള്ള ആ ബാല്യകാലമാണ് തന്നെ ഒരു കാർഷികശാസ്തജ്ഞനാക്കി മാറ്റിയതെന്ന് ഡോക്ടർ എം എസ് സ്വാമിനാഥൻ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

വൈദ്യശാസ്ത്ര ബിരുദധാരിയായ സ്വാമിനാഥന്റെ അച്ഛന് മകൻ മെഡിസിൻ പഠിക്കണമെന്നായിരുന്നു താൽപര്യമെങ്കിലും മകന്റെ മനസ്സ് കൃഷിയിടങ്ങളിൽ തന്നെയായിരുന്നു. അച്ഛന്റെ മരണശേഷം തിരുവനന്തപുരത്തെ ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും സുവോളജിയിലാണ് അദ്ദേഹം ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. കൃഷിയോട് തന്നെയാണ് തന്റെ താൽപര്യമെന്ന് തിരിച്ചറിഞ്ഞ് മദ്രാസ് അഗ്രികൾചറൽ കോളജിൽ പഠിക്കുന്ന സമയത്താണ് 1943-ലെ ബംഗാൾ ക്ഷാമം ഉണ്ടാകുന്നത്.

പട്ടിണിമരണങ്ങൾ കൺമുമ്പിൽ നേരിട്ട് കണ്ടതിന്റെ ആഘാതമാണ് ലോകത്തിന്റെ വിശപ്പ് നിർമ്മാർജനം ചെയ്യാൻ തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വെറുമൊരു പഠനമായിരുന്നില്ല സ്വാമിനാഥന്റേത്. ഇന്ത്യയുടെയും ലോകത്തിന്റെയും കാർഷിക ജാതകം തന്നെ തിരുത്തിയെഴുതാനുള്ള ഒരു പോരാട്ടമായിരുന്നു അത്. 1950-കളിൽ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻ്സ്റ്റിറ്റിയൂട്ടിലെ യുവഗവേഷകനായിരിക്കെയാണ് ഡോക്ടർ നോർമൻ ബോർലോഗ് പുതുതായി വികസിപ്പിച്ചെടുത്ത മെക്‌സിക്കൻ കുള്ളൻ ഗോതമ്പ് വിത്തുകളെപ്പറ്റി അറിഞ്ഞതും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും.

ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ് ഇനം വികസിപ്പിച്ചെടുക്കാൻ ഇരു ശാസ്ത്രജ്ഞരും പിന്നീട് കൈ മൈ മറന്ന് പ്രവർത്തിച്ചു. ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുൽപാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കപ്പെട്ടത് അങ്ങനെയാണ്. മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റി പഞ്ചാബിലെ പാടങ്ങളിൽ നൂറുമേനി കൊയ്തത് സ്വാമിനാഥന്റെ ശ്രമങ്ങളാണ്. 1970-ൽ നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചപ്പോൾ സ്വാമിനാഥനില്ലായിരുന്നുവെങ്കിൽ ഏഷ്യയിൽ ഹരിതവിപ്ലവം സാധ്യമാകില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏഷ്യൻ രാജ്യങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റാൻ സ്വാമിനാഥൻ നടത്തിയ ശ്രമങ്ങളാണ് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും പ്രമുഖ വ്യക്തിത്വമായി സ്വാമിനാഥൻ കണക്കാക്കപ്പെടാൻ ഇടയാക്കിയത്. ഇതിനെല്ലാം സ്വാമിനാഥൻ കടപ്പെട്ടിരിക്കുന്നതാകട്ടെ താൻ കുട്ടിക്കാലത്തെ വേനലവധികൾ ചെലവിട്ട കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തോടും.