പാകിസ്താനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സ് ജയം കുറിച്ച ന്യൂസീലൻഡ് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്. ഓസ്ട്രേളിയയെ മറികടന്നാണ് കിവീസ് ഒന്നാമതെത്തിയത്. രണ്ടാം റ്റെസ്റ്റിൽ ഇന്നിംഗ്സിനും 176 റൺസിനുമാണ് കിവീസ് വിജയിച്ചത്. ആദ്യ ടെസ്റ്റിൽ 101 റൺസിനു വിജയിച്ച ന്യൂസീലൻഡ് ഇതോടെ രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരി. പരമ്പരയിൽ ഒരു സെഞ്ചുറിയും ഒരു ഇരട്ടസെഞ്ചുറിയും നേടി ഉജ്ജ്വല ഫോമിലായിരുന്ന കിവീസ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് പരമ്പരയിലെ താരം.
118 പോയിൻ്റ് റേറ്റിംഗോടെയാണ് ന്യൂസീലൻഡ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 116 പോയിൻ്റുള്ള ഓസ്ട്രേലിയ രണ്ടാമതും 114 പോയിൻ്റുമായി ഇന്ത്യ മൂന്നാമതുമാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിംഗ്സിൽ 10 വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. അസ്‌ഹർ അലി(93) ആണ് ടോപ്പ് സ്കോറർ ആയത്. മറുപടി ബാറ്റിംഗിൽ ന്യൂസീലൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 659 റൺസെടുത്തു. ഇരട്ടസെഞ്ചുറി നേടിയ കെയിൻ വില്ല്യംസൺ (238) ആണ് ന്യൂസീലൻഡ് ബാറ്റിംഗിൻ്റെ ശക്തിയായത്. ഹെൻറി നിക്കോളാസ്, ഡാരിൽ മിച്ചൽ എന്നിവർ സെഞ്ചുറി നേടി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താൻ 186 റൺസെടുത്ത് എല്ലാവരും പുറത്തായി. രണ്ട് ഇന്നിംഗ്സുകളിലായി ന്യൂസീലൻഡിൻ്റെ കെയിൽ ജമീസൺ 11 വിക്കറ്റ് വീഴ്ത്തി.