പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത; സിഡ്നി ടെസ്റ്റിൽ ചരിത്രമെഴുതി ക്ലയർ പൊലോസക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ചരിത്രമെഴുതി വനിതാ അമ്പയർ ക്ലയർ പൊലോസക്. പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡാണ് ക്ലയർ സ്വന്തമാക്കിയത്. സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ നാലാം അമ്പയറാണ് ക്ലയർ. മത്സരത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യുകയാണ്.

2019ൽ പുരുഷ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയർ എന്ന നേട്ടം ക്ലയർ സ്വന്തമാക്കിയിരുന്നു. പുരുഷ ഏകദിനം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറായി ക്ലയർ പൊലോസക്. വേൾഡ് ക്രിക്കറ്റ് ലീഗിൻ്റെ ഡിവിഷൻ ടുവിൽ നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിക്കാനാണ് ക്ലയർ ഫീൽഡിലിറങ്ങിയത്.

2017ൽ ജെഎൽടി കപ്പ് നിയന്ത്രിച്ചു കൊണ്ട് ഓസ്ട്രേലിയയുടെ പുരുഷ ആഭ്യന്തര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറെന്ന നേട്ടവും ക്ലയർ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വിമൻസ് ബിഗ് ബാഷ് ലീഗിൽ അഡലെയ്ഡ് സ്ട്രൈക്കേഴ്സും മെൽബൺ സ്റ്റാഴ്സുമായുള്ള മത്സരം നിയന്ത്രിച്ച ക്ലയറും എലോയ്സ് ഷെറിഡാനും ആദ്യമായി ഒരു മത്സരം നിയന്ത്രിക്കുന്ന രണ്ട് വനിതാ അമ്പയർമാർ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലാണ്. 6 റൺസിന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ പുകോവ്സ്കി-ലെബുഷെയ്‌ൻ സഖ്യം 50 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തി ഓസീസിനെ കൈപിടിച്ചുയർത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. ലെബുഷെയ്ൻ (20), പുകോവ്സ്കി (33) എന്നിവരാണ് ക്രീസിൽ. പുകോവ്സ്കിയെ ഋഷഭ് പന്ത് രണ്ട് തവണ നിലത്തിട്ടു.