തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ലൈന്‍ റെയില്‍പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വേണമെന്ന് റെയില്‍വേ. പഴയതുമാറ്റി വിശദമായ പദ്ധതി രൂപരേഖ തയാറാക്കണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദക്ഷിണ റെയില്‍വേ, കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനു കത്തു നല്‍കി.
529.45 കിലോമീറ്റര്‍ നീളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് അതിവേഗ സില്‍വര്‍ ലൈന്‍ പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് തയാറാക്കിയിരുന്നു. ഈ അലൈന്‍മെന്റില്‍ മാറ്റം വേണമെന്നാണ് റെയില്‍വേ ആവശ്യപ്പെടുന്നത്.
വിശദമായ പദ്ധതി രൂപരേഖ വീണ്ടും തയാറാക്കണം. റെയില്‍വേയുടെ ചട്ടങ്ങള്‍ പാലിക്കാത്ത നിര്‍മ്മാണങ്ങള്‍ ഒഴിവാക്കണം. എറണാകുളും മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള ഇരട്ടപ്പാതയുടെ പടിഞ്ഞാറു ഭാഗത്തു മൂന്നമാതൊരു പാതയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാലാംപാതയ്ക്കു ഭാവിയില്‍ അനുമതി ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഇവയ്ക്ക് സ്ഥലം ലഭിക്കുന്ന തരത്തിലായിരിക്കണം സില്‍വര്‍ലൈന്‍ അലൈന്‍മെന്റ്. ഇതിനായി വിശദമായ പദ്ധതി രൂപരേഖ പുതക്കണമെന്നാണ് ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ റെയിലിനു ശുപാര്‍ശ നല്‍കിയത്. പാത കടന്നുപോകുന്ന പലയിടത്തും ചതുപ്പ് മേഖലയാണ്. ഇരുവശത്തും സുരക്ഷാ മതിലിനായി പൈലിംഗ നടത്തേണ്ടി വരും. ഇതു ചെലവു കൂട്ടുമെന്നും ശുപാര്‍ശയില്‍ പറയുന്നു. സര്‍ക്കാരുമായി കൂടിയാലോചിച്ച് ശുപാര്‍ശയില്‍ കെ റെയില്‍ തീരുമാനമെടുക്കും.