യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരും: രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് തയ്യാറായി. അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അഞ്ചു വർഷത്തിനിടെ മൂന്നുലക്ഷം പിൻവാതിൽ നിയമനങ്ങളാണ് നടന്നത്. പിഎസ്സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാർക്ക് ജോലി നൽകാതെ പിൻവാതിൽ വഴി കരാർ നിയമനങ്ങളും കൺസൾട്ടൻസി നിയമനങ്ങളും കഴിഞ്ഞ അഞ്ചുവർഷമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇഷ്ടക്കാരേയും ബന്ധുക്കളെയും പാർട്ടിക്കാരേയും തിരുകിക്കയറ്റുന്ന നടപടിയാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.