ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നടപടി പരിശോധിക്കുമെന്ന് വിജിലന്‍സ്. കേസിനെ ബാധിക്കുന്നതെങ്കില്‍ നടപടിയെടുക്കും. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും അത് പരിശോധിക്കേണ്ടത് കോടതിയാണെന്നും വിജിലന്‍സ് അറിയിച്ചു. മമ്പുറം മഖാം സന്ദര്‍ശിക്കാനുള്ള ഇളവിന്റെ മറവില്‍ വി.കെ. ഇബ്രാഹിം കുഞ്ഞ് ഇന്നലെ പാണക്കാട്ട് എത്തിയിരുന്നു.

എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില്‍ വിചാരണ കോടതി വി.കെ. ഇബ്രാഹിംകുഞ്ഞിന് ഇളവ് നല്‍കിയിരുന്നു. മമ്പുറം മഖാം സന്ദര്‍ശിക്കാന്‍ മാത്രമായിരുന്നു കോടതി ഇളവ് നല്‍കിയത്. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.