പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബി.ജെ.പി നേതൃയോഗത്തില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ എത്തും. കൊച്ചിയിലെ ബി.പി.സി എൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനമുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് പ്രധാന്യമേറെയുണ്ട്.

ബി.പി.സി.എൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഫാക്ട് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പ്രൊപിലിൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ പ്രാജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി.

ചെന്നൈയിൽ നിന്നും വിമാനമാര്‍ഗ്ഗം എത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച വിവിധ പൊതുപരിപാടികൾക്കായി രണ്ടു മണിക്കൂറാകും ചെലവഴിക്കുക. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നു. രാഷ്ട്രീയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം വാഹന നിയന്ത്രണങ്ങളും ഉണ്ടായേക്കും.