ശബരിമല; രമേശ് ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എന്‍എസ്എസ്

ശബരിമലയിലെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് എന്‍എസ്എസ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. ബില്ല് കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങളെ പരാമര്‍ശിച്ചാണ് വിശദീകരണം.

എന്‍എസ്എസിന്റെ നിലപാടിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പലരും ശ്രമിക്കുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമോ എന്ന ചോദ്യം അപ്രസക്തമെന്നും എ വിജയരാഘവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെ. അതുവരെ കാത്തിരിക്കാം. വിധി വരുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. അതില്‍ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.