എല്‍ഡിഎഫ് മുന്നണിക്കൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി കുന്നത്തൂരില്‍ മത്സരിക്കാനില്ലെന്നും ജനറല്‍ സീറ്റ് തരണമെന്നും സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് പറഞ്ഞു. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ മത്സരിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും ബലദേവ് പറഞ്ഞു. ബലദേവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി അറിയപ്പെടുന്നത് തന്റെ പേരിലെന്നും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ആര്‍എസ്പി വിട്ട് കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടിക്ക് എല്‍ഡിഎഫ് മുന്നണിയില്‍ ഔദ്യോഗിക അംഗത്വം നല്‍കാതെ കോവൂര്‍ കുഞ്ഞുമോനെ ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. ആളെണ്ണം കൊണ്ട് തീരെ കുഞ്ഞന്‍ പാര്‍ട്ടി എങ്കിലും പാര്‍ട്ടിയില്‍ കഴിഞ്ഞ കുറേ നാളുകളായി തമ്മിലടിക്ക് കുറവൊന്നുമില്ല. സ്വതന്ത്ര എംഎല്‍എ ആയതുകൊണ്ടുതന്നെ ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ കോവൂര്‍ കുഞ്ഞുമോന് ഔദ്യോഗിക അംഗത്വമെടുക്കാനുമായില്ല. ഇതാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന ബലദേവിന്റെ തുറുപ്പുചീട്ട്. തന്റെ പേരിലാണ് ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും താനാണ് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും എസ്. ബലദേവ് പറഞ്ഞു.
എന്നാല്‍ സംസ്ഥാന കമ്മിറ്റി കൂടി ബലദേവിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഐക്യകണ്‌ഠേന പുറത്താക്കിയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറയുന്നു. കുന്നത്തൂര്‍ നിയോജക മണ്ഡലത്തിന് പകരം പാര്‍ട്ടിക്ക് മറ്റൊരു ജനറല്‍ സീറ്റ് ആവശ്യപ്പെടുമെന്നാണ് ബലദേവിന്റെ നിലപാട്. കുന്നത്തൂരില്‍ എല്‍ഡിഎഫ് കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും ബലദേവ് പറയുന്നു.
പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തന്റെ പേരിലെന്നും, അതിനാല്‍ പാര്‍ട്ടിയുടെ അവകാശം തനിക്കെന്നും ബലദേവും, പാര്‍ട്ടി അറിയപ്പെടുന്നത് തന്റെ പേരില്‍ ആയതിനാല്‍ അവകാശം തനിക്കാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.