നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
പെട്ടെന്ന് എടുത്ത തീരുമാനമല്ല ഇത്. മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുള്ളതാണ്. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതാണ്. പുതിയ ഒരാള്‍ മത്സര രംഗത്തേക്ക് വരട്ടെ. അസംബ്ലി തെരഞ്ഞെടുപ്പില്‍ അഞ്ച് തവണ മത്സരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഉപവാസത്തെ തെറ്റിദ്ധരിപ്പിക്കരുത്. സീറ്റ് മോഹത്താല്‍ ഉപവാസത്തിന് എത്തിയെന്നാണ് പ്രചാരണം നടക്കുന്നത്. അത് ചില മാധ്യമങ്ങള്‍ നടത്തുന്നതാണ്. ഒരു മണ്ഡലത്തെയും ലക്ഷ്യമിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇല്ലായെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. സമരത്തിന് പാര്‍ട്ടിയുടെ പിന്തുണയുണ്ട്.
പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിലാണ്. അവര്‍ സമര പന്തലില്‍ വരണം എന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.