ഇടുക്കി മണിയാറന്‍കുടിയിലെ ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജീവനും സ്വത്തിനും വെല്ലുവിളിയാണെന്നു ആരോപിച്ചു സമീപവാസികള്‍ പ്രതിഷേധ ധര്‍ണ നടത്തി. എത്രയും വേഗം പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആദിവാസി സെറ്റില്‍മെന്റ് മേഖലയായ വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍ കൂടിയിലാണ് ടാര്‍ മിക്സിംഗ് പ്ലാന്റ് ആരംഭിക്കുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ഒരു അനുമതിയും ഇല്ലാതെയാണ് പ്ലാന്റിന്റെ പണി തുടങ്ങിയിരിക്കുന്നത് എന്നാണ് ആരോപണം. പ്രദേശത്തെ റോഡ് പണിക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് കോണ്ട്രാക്ടര് സ്ഥലം കണ്ടെത്തിയത്. പിന്നീട് പ്ലാന്റുമായി ബന്ധപ്പെട്ട വലിയ യന്ത്രങ്ങള്‍ ഇറക്കി. ടാര്‍ മിക്സിങ്ങിന്റെ ട്രൈയലും നടത്തി.

വനത്തില്‍ നിന്ന് 400 മീറ്റര്‍ അകലെ മാത്രമാണ് ടാര്‍ മിക്സിംഗ് പ്ലാന്റ്. പ്ലാന്റില്‍ ഉണ്ടാകുന്ന പുക വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെക്കും. ഇതിനെതിരെ പാരിസ്ഥിതിക പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്.
മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതി ആവശ്യമില്ല എന്നാണ് പഞ്ചായത്തിന്റെ വാദം. പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.