മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായി: ഷാഫി പറമ്പിൽ

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ .
മന്ത്രി അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കടകംപള്ളിയുടെ മാത്രം പ്രതികരണമായി അതിനെ കരുതുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരുടെ പ്രതികരണമാണ് ഇത്. ഈ ധാർഷ്ട്യം കേരളം പൊറുക്കില്ല. യുവജന വിരുദ്ധ സമീപനമാണ് ഇതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

‘ഒൻപത് ദിവസമായി നിരാഹാര സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. സ്പീക്കറോ നിയമ മന്ത്രിയോ മെഡിക്കൽ സംഘമോ പോലും വന്നിട്ടില്ല. ജനാധിപത്യ സമരത്തോട് സർക്കാർ സ്വീകരിക്കുന്നത് കേരള ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സമീപനമാണ്. ഇത് മേശം കിഴ്‌വഴക്കമാണ്. നില മറന്ന് എണ്ണ തേക്കരുത്’- ഷാഫി പറമ്പിൽ പറഞ്ഞു.

സമരം നിർത്താൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരം തുടരാൻ കഴിയുമൊ എന്ന് ഉറപ്പില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ഉദ്യോഗാർത്ഥികളെ തെരുവിൽ ഉപേക്ഷിച്ച് പോകാനും ആവില്ലെന്നും ഉചിതമായ തീരുമാനം പാർട്ടിയെടുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.