അരവിന്ദ് കെജ്‌രിവാളിനെ CBI അറസ്റ്റ് ചെയ്‌തേക്കും; കസ്റ്റഡി അപേക്ഷ നല്‍കും

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്നാലെ സിബിഐയും. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മദ്യനയ അഴിമതി കേസില്‍ കോടതിയുടെ അനുമതിയോടെ കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കും.

സിബിഐ കേസിലും കെജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ നീക്കം. സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. റോസ് അവന്യു കോടതിയില്‍ ഇഡി കസ്റ്റഡി കാലാവധി ഹാജരാക്കുന്ന മുറയ്ക്ക് അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടികളിലേക്ക് സിബിഐ കടന്നു.

മന്ത്രിസഭയെ ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് സിബിഐ കേസിന്റെ ഭാഗമായിട്ടുള്ളത്. നയം മാറ്റിയത് കോഴ വാങ്ങിയിട്ടുണ്ടെന്നും ഉചിത താത്പര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്. കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ നിസഹകരിച്ച് വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ ഉന്നയിക്കും.

അതേസമയം അരവിന്ദ് കെജ്രിവാള്‍ ഇ ഡി കസ്റ്റഡിയിലായ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കുനേര സുപ്രധാന ചോദ്യങ്ങളുയര്‍ത്തി ആം ആദ്മി പാര്‍ട്ടി. കേസില്‍ മുന്‍പ് പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി 4.5 കോടി രൂപ നല്‍കിയയാളെന്ന് എഎപി ആരോപിച്ചു. വിഷയത്തില്‍ ഇ ഡി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കെതിരെ കേസെടുക്കണമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായവരുട പക്കല്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും എഎപി ആരോപിക്കുന്നു.