ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടം; എല്ലാവരെയും പുറത്തെടുത്തു, ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ നില അതീവ ഗുരുതരമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തെന്ന് മന്ത്രി അറിയിച്ചു

ആശുപത്രിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ അപകടത്തില്‍പ്പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.67 പേര്‍ ബസിലുണ്ടായിരുന്നു. നാട്ടുകാരാണ് ആദ്യമെത്തി ബസിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. തഞ്ചാവൂരില്‍ നിന്ന് എത്തിയവരാണ് ബസിലുണ്ടായിരുന്നത്.

ബസ് വളവ് തിരിഞ്ഞുവരുമ്പോള്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.