മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി

കൊവിഡ് 19 രോഗബാധയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഡിസ്ചാര്‍ജ് ചെയ്യും.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണരിലെ വീട്ടിലായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് രോഗം ബാധിച്ചത്.

കുടുംബാംഗങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും പരിശോധന നടത്തിയിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറ് ദിവസങ്ങളായി ചികിത്സയിലാണ് അദ്ദേഹം.

എന്നാല്‍ രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവായ വിവരം മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.