കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്

ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ വില സെറം ഇന്സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് ഡോസ് ഒന്നിന് വാക്‌സിന്റെ വില. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലാകും നല്‍കുക.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയും വന്‍ വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 295041 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ആദ്യമായി 2000 പിന്നിട്ടു. 2023 കോവിഡ് മരണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് വീണ്ടും ഇടിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ 54. 7 ശതമാനവും. 13 കോടിയിലേറെ പേര് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഓക്‌സിജന്‍, കിടക്കകള്‍, റെംഡെസിവിര്‍ എന്നിവയുടെ ക്ഷാമം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. രണ്ടാം തരംഗത്തെ കുറിച്ച് സൂചന ലഭിച്ചിട്ടും സര്‍ക്കാര്‍ അവഗണിച്ചു എന്നും മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

വാക്‌സിന്‍ ഉദാരവത്കരണം നോട്ട് പിന്‍വലിക്കലിന് തുല്യമെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി കുറച്ചു വ്യവസായികള്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭിക്കുവെന്ന് വിമര്‍ശിച്ചു.