പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18-45 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം നൽകണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുത്തിയത്.
വ്യാപക വിമർശനം ഉയരുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതിനെ ബാധിക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് മയപ്പെടുത്തിയത്.
കൊവിഡ് വാക്‌സിൻ സൗജന്യമായോ, സർക്കാർ കേന്ദ്രങ്ങൾ വഴി നൽകുകയോ ചെയ്യുന്ന മേഖലകളിൽ ഒരു തരത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.