സംസ്ഥാനത്തെ സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള. ഉയർന്ന ഫീസ് ഈടാക്കുന്നതിൽ പകുതിയും ലഭിക്കുന്നതു ഇടനിലക്കാർക്ക്. വിദേശ രാജ്യങ്ങളിലേക്കുള്ള ടെസ്റ്റിനു ഏജന്റുമാരും രംഗത്ത്. ട്രാവൽ ഏജൻസികളും ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള ബോർഡുവച്ച് ഇടനിലയായി പ്രവർത്തിക്കുന്നു.
സംസ്ഥാനത്തെ സ്വകാര്യലാബുകൾ ആർ.ടി.പി.സി.ആർ ടെസ്റ്റിനു ഈടാക്കുന്നത് 1700 രൂപയാണ്. നേരത്തെ 1500 രൂപയായിരുന്നുവെങ്കിലും കോടതി ഉത്തരവോടെ ഇതു 1700 ആയി ഉയർത്തി. സംസ്ഥാനത്തെ അക്രഡിറ്റഡ് ലാബുകൾക്ക് മാത്രമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള അധികാരം. ഇതാകട്ടെ ചുരുക്കം ചില ലാബുകൾക്ക് മാത്രമേയുള്ളൂ. എന്നാൽ സ്വകാര്യ ക്ലിനിക്കുകളും ചെറിയ ലാബുകളും അടക്കം എല്ലാവരും തന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സാമ്പിൾ ശേഖരിക്കുന്നുണ്ട്. 1700 രൂപയിൽ പകുതിയും കൊണ്ടുപോകുന്നത് ഈ ഇടനിലക്കാരാണ്. ഐ.എം.എയുമായി ചേർന്ന് റെഡ്ക്രോസ് നടത്തുന്ന 700 രൂപയുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഈ കൊള്ള വ്യക്തമാക്കുന്നു. ടെസ്റ്റിനായി ആളെ കൊണ്ടുചെല്ലുന്നവർക്ക് സ്വകാര്യ ലാബുകളിൽ കമ്മിഷനുമുണ്ട്. നാലു പേരെ കൊണ്ടു ചെന്നാൽ ലഭിക്കുന്നത് 300 രൂപയാണ്.

ഇതിനു പുറമെയാണ് ട്രാവൽ ഏജൻസികൾ കൊവിഡ് 19 ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റ് ലഭ്യമാണെന്ന പരസ്യം നൽകി ഏജന്റുമാരായി പ്രവർത്തിക്കുന്നത്. വിദേശത്തേക്ക് പോകാനുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ കമ്മിഷന്റെ കാര്യം ഫോണിൽ പറയാൻ പറ്റില്ലെന്നും നേരിൽ വരാനുമായിരുന്നു പ്രതികരണം.