തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുന്നു; 11 പേര്‍ കൊല്ലപ്പെട്ടു

നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നു. നൂറോളം പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ച് തകര്‍ത്തതായി ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചു.

പ്രവര്‍ത്തകരോട് സംയമനം പാലിക്കണമെന്നും അക്രമങ്ങള്‍ ഉണ്ടാകരുതെന്നും ആഹ്വാനം മമത നടത്തിയതിനു ശേഷവും പലയിടത്തും സംഘര്‍ഷങ്ങളുണ്ടായി. തൃണമൂല്‍ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പതിഷേധിക്കാനാണ് ബിജെപിയുടെ തീരുമാനം.

സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സിപിഐഎമ്മും ആരോപിക്കുന്നുണ്ട്. സാഹചര്യം ഗുരുതരമായതിനാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ബംഗാള്‍ സന്ദര്‍ശിക്കും. പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനം.