എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ല; ആഘോഷത്തെ വിമർശിച്ച് ഹരീഷ് പേരാടി

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയിൽ എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തെ വിമർശിച്ച് നടൻ ഹരീഷ് പേരാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ സിപിഐഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ലെന്ന് ഹരീഷ് പേരാടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചത് മനസിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളൂ. പിപിഇ കിറ്റണിഞ്ഞ് ആംബുലൻസിന്റെ സമയത്തിന് കാത്തുനിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കൊവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്‌ഐ സഖാക്കളുടെ കമ്മ്യൂണിസം എനിക്ക് 101 ശതമാനം മനസിലാക്കാൻ പറ്റുന്നുണ്ട്. 38,460 രോഗികൾ പുതുതായി ഉണ്ടായ ദിവസം, 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല. ഒരുപാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുഴപ്പമാണ്. ക്ഷമിക്കുക.’

എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ചതിന്റെ വിജയത്തിൽ ദീപം തെളിയിച്ചാണ് ഇടതുമുന്നണി പ്രവർത്തകർ ആഘോഷിച്ചത്. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ വീടുകളിൽ തന്നെ ആഘോഷം നടത്താനായിരുന്നു എൽഡിഎഫിന്റെ ആഹ്വാനം.