കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിദേശമദ്യമെത്തുന്നു. ട്രെയിൻ മാർഗമാണ് കേരളത്തിലേക്കുള്ള മദ്യക്കടത്ത്. രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. വ്യാജവാറ്റ് കേസുകളും വർധിച്ചിട്ടുണ്ട്.

കേരളത്തിലെയും മാഹിയിലെയും മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഇരട്ടിയിലധികം ലാഭം ലക്ഷ്യമിട്ടാണ് മദ്യക്കടത്ത്. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ മാത്രം വിൽപനാനുമതിയുള്ള മദ്യമാണ് പിടിക്കുന്നതിലേറെയും. ആർപിഎഫും വടകര റെയിൽവെ പൊലീസും ഇന്നലെ മാത്രം 29 കുപ്പി ഗോവൻ വിദേശമദ്യമാണ് പിടികൂടിയത്.

ഗ്രാമീണ മേഖലയിൽ വ്യാജവാറ്റും സജീവമായതാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടത്തിയതുപോലുള്ള പ്രത്യേക പരിശോധനയാണ് എക്സൈസ് സംഘം നടത്തുന്നത്.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ മൂവായിരത്തിലധികം ലിറ്റർ വാഷാണ് കോഴിക്കോട് ജില്ലയിൽ എക്സൈസ് സംഘം നശിപ്പിച്ച് കളഞ്ഞത്.