എറണാകുളത്ത് കൊവിഡ് ബാധയ്ക്ക് ശമനമില്ല; ഇന്നലെയും 5000 കടന്നു

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5000 കടന്നു. 5492 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65856 ആയി. 4052 പേർ രോഗ മുക്തരായി.

അതേസമയം ലോക്ക്ഡൗൺ നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി പൊലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുകയാണ്. റോഡുകളിൽ പൊലീസിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ നിരീക്ഷണം നടത്തി. മതിയായ രേഖകൾ കൈവശം ഉള്ളവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. ജില്ലയിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 172 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ഗുരുതര ലംഘനം നടത്തിയ 59 പേരെ അറസ്റ്റു ചെയ്തു. 82 വാഹനങ്ങൾ പിടിച്ചെടുത്തു.

സംസ്ഥാനത്ത് ഇന്നലെ ഇന്ന് 41,971 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 127 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.