ജോലിഭാരം താങ്ങാനാവുന്നില്ല; ഹർദ്ദിക് പാണ്ഡ്യ താത്കാലികമായെങ്കിലും ബൗളിംഗ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ താത്കാലികമായെങ്കിലും ബൗളിംഗ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്. ജോലിഭാരം താങ്ങാനാവുന്നില്ലാത്തതിനാൽ ബൗളിംഗ് ഉപേക്ഷിക്കുന്നതിനെപ്പറ്റി ഹർദ്ദിക് ആലോചിക്കുകയാണ്. ബൗൾ ചെയ്യുന്നതിനാൽ അടിക്കടി പരുക്കുകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ബൗളിംഗിൽ നിന്ന് വിട്ടുനിൽക്കാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം എന്നും ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

“ബൗളിംഗിലൂടെയുണ്ടാവുന്ന ജോലിഭാരം താങ്ങാൻ അദ്ദേഹത്തിനു കഴിയുന്നില്ല. ഒരു സർജറിയിൽ നിന്ന് അദ്ദേഹം മുക്തി നേടിയതാണ്. ബൗളിംഗ് ആക്ഷൻ മാറ്റിയിട്ടും ചുമൽ ഇപ്പോൾ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഒരുപാട് പന്തെറിഞ്ഞാൽ പരുക്ക് പറ്റുമെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. അതുകൊണ്ട് പാണ്ഡ്യ ഇപ്പോൾ ബാറ്റിംഗിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ടി-20 ലോകകപ്പ് അടുത്തിരിക്കെ മാനേജ്മെൻ്റും ഇക്കാര്യം മനസ്സിലാക്കുന്നു.”- ബിസിസിഐ പ്രതിനിധി അറിയിച്ചു.

പരുക്കിനെ തുടർന്ന് ഇക്കഴിഞ്ഞ രണ്ട് ഐപിഎലിലും ഹർദ്ദിക് പന്തെറിഞ്ഞിരുന്നില്ല. ഇന്ത്യക്കായി ഏതാനും ചില ഓവറുകൾ അദ്ദേഹം എറിയുകയും ചെയ്തു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള സ്ക്വാഡിൽ നിന്ന് ഹർദ്ദിക്കിനെ ഒഴിവാക്കിയിരുന്നു. കുൽദീപ് യാദവ്, പൃഥ്വി ഷാ ഭുവനേശ്വർ കുമാർ എന്നിവരെയും ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചില്ല. ലോകേഷ് രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ പരിഗണിച്ചിട്ടുണ്ടെങ്കിലും ഫിറ്റ്നസ് പരിഗണിച്ച് മാത്രമേ ഇവർക്ക് ടീമിൽ ഇടം നൽകൂ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്.