ഡിവില്ല്യേഴ്സ് ദേശീയ ടീമിലേക്ക് തിരികെയെത്തില്ല; സ്ഥിരീകരണവുമായി ക്രിക്കറ്റ് ബോർഡ്

മുൻ താരം എബി ഡിവില്ല്യേഴ്സ് ദേശീയ ടീമിലേക്ക് തിരികെയെത്തില്ലെന്ന് സ്ഥിരീകരിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. അയർലൻഡിനും വെസ്റ്റ് ഇൻഡീസിനുമെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഡിവില്ല്യേഴ്സ് ഇടം നേടിയില്ല. ഒരു തിരിച്ചുവരവിന് ഉദ്ദേശ്യമില്ലെന്ന് താരം അറിയിച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. ഡിവില്ല്യേഴ്സുമായി ചർച്ചകൾ നടത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വിരമിക്കൽ തീരുമാനം അവസാനത്തേതാണെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു..

ഡിവില്ല്യേഴ്സിനൊപ്പം മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് പുറത്തായി. ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്ന ഡുപ്ലെസിയെ പുറത്താക്കിയത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

നേരത്തെ, ദേശീയ ടീമിൽ തിരികെ എത്തിയേക്കുമെന്ന് ഡിവില്ല്യേഴ്സ് സൂചന നൽകിയിരുന്നു. ഐപിഎലിൽ ആർസിബിയുടെ താരമായ എബി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ് മനസ്സു തുറന്നത്.

“വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് മികച്ച അനുഭവമാവും. ഐപിഎൽ അവസാനിക്കുമ്പോൾ ബൗച്ചറുമായി സംസാരിക്കും. കഴിഞ്ഞ വർഷം ടീമിൽ കളിക്കാൻ തയ്യാറുണ്ടോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചിരുന്നു. ഉറപ്പായും എന്ന് ഞാൻ മറുപടിയും നൽകി.”- മത്സരത്തിനു പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ടി-20 ലോകകപ്പിൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മുൻപും ഡിവില്ല്യേഴ്സ് പറഞ്ഞിരുന്നു.