ടോണി ക്രൂസിനു കൊവിഡ്; അവസാന ലീഗ് മത്സരം നഷ്ടമാവും

സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിൻ്റെ ജർമൻ മധ്യനിര താരം ടോണി ക്രൂസിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ റയലിൻ്റെ അവസാന ലീഗ് മത്സരത്തിൽ ക്രൂസിനു കളിക്കാനാവില്ല. ശനിയാഴ്ച വിയ്യാറയലിനെതിരെയാണ് റയലിൻ്റെ അവസാന മത്സരം. ഫോട്ടോഫിനിഷിലേക്ക് കടക്കുന്ന ലാലിഗയിൽ റയലിന് ഈ മത്സരം നിർണായകമാണ്.

“ടോണി ക്രൂസ് കൊവിഡ് ബാധിതനായ കാര്യം റയൽ മാഡ്രിഡ് അറിയിക്കുന്നു. വെള്ളിയാഴ്ച മുതൽ ക്രൂസ് ഐസൊലേഷനിലാണ്.”- ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.

ലാ ലിഗയിൽ ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കുമ്പോൾ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഒരുപോലെ കിരീടപ്പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുകയാണ്. 83 പോയിൻ്റുള്ള അത്‌ലറ്റികോ മാഡ്രിഡ് അവസാന മത്സരത്തിൽ വിജയിച്ചാൽ അവർ കിരീടം ഉറപ്പിക്കും. അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ട് റയൽ വിജയിച്ചാൽ 81 പോയിൻ്റുള്ള റയൽ 84 പോയിൻ്റോടെ കിരീടം ചൂടും.

തുടക്കത്തിലെ തകർച്ചക്കു ശേഷം റോണാൾഡ് കോമാൻ്റെ ബാഴ്സലോണ ടൈറ്റിൽ പോരിൽ ചേർന്നെങ്കിലും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു കളി മാത്രം വിജയിക്കാൻ കഴിഞ്ഞ കറ്റാലൻസ് ഔദ്യോഗികമായി കിരീടപ്പോരിൽ നിന്ന് പുറത്തായി. കഴിഞ്ഞ കളി സെൽറ്റ വിഗയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് ബാഴ്സ തോറ്റത്.